Wednesday, 31 January 2018

ഗംഗയിലെ  മൺചെരാതുകളെ  കണ്ടിട്ടില്ലേ ?
പരസ്പരം കുശലം പറഞ്ഞു ഗംഗയുടെ മാറിലൂടെ
സ്വച്ഛന്ദം ഒഴുകുന്ന മൺചെരാതുകൾ .
അവരെന്താകും പരസ്പരം പറയുക! 
കാശിനാഥന്റെ മണ്ണിൽ അലിഞ്ഞു ചേർന്ന
ഒരായിരം ആത്മാക്കളുടെ നിശബ്ദ വിലാപത്തെക്കുറിച്ചാകാം ,
അതുമല്ലെങ്കിൽ ഗംഗയുടെ ഓളങ്ങളിലൂടെ ഒഴുക്കുന്ന
 ഇനിയും കത്തി തീരാത്ത ഉടലുകളുടെ കരച്ചിലിനെക്കുറിച്ചാകാം , അല്ലെ?



മൊഴി

വളരെ  നാളുകൾക്ക് ശേഷമാണു ഇന്നൊരു പുസ്തകം മുഴുവനായും വായിക്കുന്നത് .ഞാനിത് വരെ വായിക്കാത്ത ഒരെഴുത്തുകാരി - ബി എം സുഹ്‌റ . പ്രത്യേകിച്ച് പ്രതീക്ഷകൾ ഒന്നും വയ്ക്കാതെ വായിച്ചു തുടങ്ങിയ ഒരു പുസ്തകം . വായനയ്‌ക്കൊടുവിൽ അത് ബാക്കി വയ്ക്കുന്നത് ഉള്ളിലെവിടെയോ ഒരു നൊമ്പരമാണ് . ഇതിൽ നായകനും  നായികയും വില്ലനും എല്ലാം ഉണ്ട് , പക്ഷെ സാഹചര്യങ്ങൾ നായകനെ വില്ലനായും വില്ലനെ നായകനായും പലപ്പോഴും മാറ്റുന്നു .അതുകൊണ്ട് ഇവിടെ കൃത്യമായി ചൂണ്ടിക്കാട്ടാൻ ഒരു നായകനോ വില്ലനോ ഇല്ല എന്നതാണ് സത്യം. സാഹചര്യങ്ങളുടെ അടിമയാണ് മനുഷ്യർ എന്ന് എവിടെയോ വായിച്ചതോർക്കുന്നു .
ബി എം സുഹറയുടെ "മൊഴി" എന്ന നോവൽ പറഞ്ഞു വെയ്ക്കുന്നത് വർത്തമാന സമൂഹം ഏറെ ചർച്ച ചെയ്യുന്ന മുതലാഖിനെക്കുറിച്ചു കൂടിയാണ് .മൊഴി രണ്ടു പുരുഷന്മാരിലൂടെയുള്ള ഒരു സ്ത്രീയുടെ ജീവിതമെന്നു വേണമെങ്കിൽ ഒറ്റ വാക്കിൽ പറഞ്ഞു വെയ്ക്കാം . പക്ഷെ അതിനൊരു വ്യാഖ്യാനം കൂടി ഒപ്പം വേണം . കേന്ദ്ര കഥാപാത്രമായ ഫാത്തിമ പരിഷ്‌കാരം തീണ്ടാത്ത വിദ്യാഭ്യാസം ഉള്ള ഒരു വീട്ടമ്മയാണ് . നോവലിന്റെ തുടക്കത്തിൽ ഫാത്തിമയുടെ ആദ്യ ഭർത്താവുമായുള്ള ജീവിതം പറഞ്ഞു വെയ്ക്കുന്ന സുഹ്‌റ പോകെ പോകെ വിവാഹേതര ബന്ധവും അത് സ്ത്രീയ്ക്ക് മാത്രം നൽകുന്ന വേദനകളൂം പങ്കു വെയ്ക്കുന്നു . സ്വന്തം വീടിന്റെ അകത്തളങ്ങൾ മറ്റൊരാൾക്കായി തുറന്നു കൊടുക്കുന്ന ഭർത്താവിനോട് ഫാത്തിമ കയർക്കുന്നുണ്ട് - ഒടുവിൽ എന്നെ കുറ്റം പറയരുത് എന്ന താക്കീതോടെ . എന്നാൽ ജീവിതം കൈവിട്ട പോകുമ്പോൾ ന്യായീകരിക്കാൻ ആരും അവസരം നൽകാത്തത് ഫാത്തിമയ്ക്ക് മാത്രമാണ് . തെറ്റ് ചെയ്യാതെ തെറ്റുകാരിയാക്കപ്പെടുമ്പോൾ മനോനില തെറ്റിപോകുന്ന അവസ്ഥയിൽ എത്തുന്ന ഫാത്തിമ പിന്നീട് എടുക്കുന്ന തീരുമാനങ്ങൾ അവളെ കൊണ്ടെത്തിക്കുന്നത് യാതനകളുടെ കൂമ്പാരത്തിലേക്കാണ് . ഒന്ന് തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ , തെറ്റിദ്ധാരണകൾ , കുടുംബജീവിതത്തിലെ മൂന്നാമൻ , വിടാതെ പിന്തുടരുന്ന ഭൂതകാലം ഇതൊക്കെയാണ് "മൊഴി " പങ്കുവെയ്ക്കുന്ന പ്രമേയം .
ഭാര്യയാകുന്നതോടെ പലപ്പോഴും കാമുകി മരിക്കപ്പെടുന്നു . എന്നാൽ ഭർത്താവിന് വേണ്ടത് അന്നത്തെ ആ കാമുകിയെ ആണ്. ആദ്യ ബന്ധത്തിലെ താളപ്പിഴകൾ കൊണ്ടെത്തിക്കുന്ന രണ്ടാം ബന്ധത്തിലും അതേ  താളപ്പിഴകൾ ആവർത്തിക്കുകയാണ് . അടുക്കളയിലും കിടപ്പറയിലും ഒതുങ്ങിപോകുന്ന ഫാത്തിമയുടെ ജീവിതം , മക്കൾക്ക് പോലും അടുക്കളക്കാരി . ഒപ്പം ഭൂതകാലത്തെ  ഓർമിപ്പിക്കുന്ന പുതിയ ജീവിതം . ഒടുവിൽ ഒരു മൊഴി ചൊല്ലലിലൂടെ അവൾ ഭർത്താവിനും മക്കൾക്കും അന്യയാകുന്നു . ബി എം സുഹറയുടെ മൊഴി എന്നെ ഓർമ്മിപ്പിക്കുന്നത് അന്നകരിനീനയാണ്  ടോൾസ്റ്റോയിയുടെ . ഭർത്താവിനാലും കാമുകനാലും ഉപേക്ഷിക്കപ്പെടുന്ന അന്നകരിനീനയുടെ മുഖമാണ് ഫാത്തിമയ്ക്കും .ഏല്ലാ  കലഹവും ഒടുവിൽ മുറിവേൽപ്പിക്കുന്നത് പെണ്ണിനെ തന്നെ . പരിശുദ്ധ  ഖുർ ആൻ വിവാഹമോചനത്തിന് ഏറെ കടമ്പകൾ കൽപ്പിച്ചിരിക്കുന്നു. എന്നാൽ പലപ്പോഴും മൂന്ന് വാചകത്തിലോ  ഒരു രജിസ്റ്റേർഡ് തപാലിലോ മൊഴിചൊല്ലൽ ചുരുങ്ങുന്നു . പുരുഷന് പുതിയ സ്ത്രീ , പുതിയ ജീവിതം . സമൂഹത്തിൽ തിരസ്കൃതയാകുന്നതും കുറ്റാരോപിതയാകുന്നതും സ്ത്രീകൾ മാത്രം .

ഒടുവിൽ മക്കളാലും തള്ളിപ്പറയപ്പെടുന്ന ഫാത്തിമ എന്ന 'അമ്മ വീണു ചിതറുകയാണ്  കണ്ണാടി ചില്ലുപോലെ. ഇനി അനാഥയായി മയ്യത്തു പറമ്പിലേക്ക് മടക്കം . 

Wednesday, 17 January 2018

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിപണന മൂല്യമുള്ള വസ്തുക്കളിൽ ഒന്നാണ് സൗന്ദ്യര വർദ്ധക വസ്തുക്കൾ . ഒരു പക്ഷെ നമ്മുടെ ഭാരതം കടന്നു പോയ 200   വർഷത്തോളം നിലവിലിരുന്ന ബ്രിട്ടീഷ് രാജിന്റെ ബാക്കിപത്രമാകാം വെളുപ്പിനോടുള്ള ഈ അടങ്ങാത്ത ഭ്രമം. വെളുപ്പ് അതൊരു നിറം മാത്രമല്ല ഒരു കാലത്തു ഇന്ത്യയിൽ നില നിന്നിരുന്ന , ഒരു പക്ഷെ ഇന്നും ഭാരതത്തിൽ നിന്നും തുടച്ചു നീക്കപ്പെടാത്ത ജാതി വ്യവസ്ഥയുടെ അളവ് കോൽ തന്നെ ഈ നിറമാണ് . കറുപ്പ് താഴ്ന്ന ജാതിയുടെയും , നീചത്വത്തിന്റെയും , അധർമത്തിന്റെയും നിറമായി കണക്കാക്കുന്നു , വെളുപ്പാകട്ടെ എല്ലാ നന്മയുടെയും പര്യായമായി നിലകൊള്ളുന്നു. എന്തിനും വെള്ളക്കാരനെ അനുകരിക്കാനുള്ള ഒരു പ്രവണത പലപ്പോഴും നമ്മളിൽ കാണപ്പെടാറുണ്ട് . സൗന്ദര്യം എന്നാൽ വെളുപ്പ് മാത്രമാണെന്ന ചിന്താഗതിയാകാം വെളുപ്പിക്കുന്ന ക്രീമുകൾക്കു പിന്നാലെ പായാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം .
നേരത്തെ പറഞ്ഞ വെളുത്ത നിറം ജാതി വ്യവസ്ഥയുടെ മാത്രമല്ല നമ്മുടെ ദേവത സങ്കല്പങ്ങൾക്കും ബാധകമാണ് . നമ്മുടെ ദേവത സങ്കല്പങ്ങളിലും വെളുപ്പിനെ രാഷ്ട്രീയം നിഴലിച്ചു നിൽപ്പുണ്ട് . എന്നാൽ അത്തരം സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് ചെന്നൈ ഫിലിം മേക്കേഴ്‌സ് ആയ നരേഷ് നിൽ ഉം ഭരദ്വാജ് സുന്ദർ ഉം മുന്നോട് വന്നിരിക്കുന്നത് . കറുപ്പിൽ നമ്മുടെ ദൈവങ്ങൾ എങ്ങനെ ഉണ്ടായിരിക്കും - കറുപ്പ് എന്നത് സൗന്ദര്യം എന്നതിനപ്പുറം ദൈവീകമാണ് എന്ന സന്ദേശം ആണ് ഇവർ  ഈ ചിത്രങ്ങളിലൂടെ പങ്ക് വയ്ക്കുന്നത് .






Tuesday, 8 November 2016

oh my hell i lost my path somewhere in the hills
wandering in the woods lonely lonely lonely
 The sun in the sky laughing at me 
you fool the road was wrong!
It laughs  like a roaring lion
may be he is right the road
 i had taken was wrong
now miles to go ...miles to go for reaching in the right path



Sunday, 14 August 2016

ഒടുവിലായി  ഞാനൊരു കുറിപ്പെഴുതി
പഠിച്ചതും പഠിപ്പിച്ചതും ഒക്കെ
ചേർത്ത് വച്ചൊരു കുറിപ്പ്
നിങ്ങൾ പറയും അതൊരു മരണക്കുറിപ്പാണെന്നു
പക്ഷെ എനിക്കത് എന്റെ ജീവിതത്തിന്റെ കുറിപ്പാണു
പിന്നിട്ട കാലവും കോലവും കുത്തിക്കുറിച്ചൊരു കണക്കു പുസ്തകം
ഒടുവിലൊരു അടിവരയിൽ പിണഞ്ഞു  കിടക്കുന്നു
ലാഭവും നഷ്ടവും !
വെട്ടിത്തിരുത്തലുകളില്ല , മായ്ച്ചെഴുത്തുകളില്ല
ഇനി മടങ്ങാം ഒരു പിടി മണ്ണിലോ
ഒരു തിരി അന്ഗ്നി നാളത്തിലോ
ഒടുവിലീ കുറിപ്പും ഉള്ളിലെ ഈ  മിടിപ്പും
മറവിയെന്ന അത്ഭുത ശിശുവിൽ വിലയം പ്രാപിച്ചു കൊള്ളും !

Thursday, 7 July 2016

ഞാൻ അതെന്താണ് ?
അതാണ് ചോദ്യം ..
നിങ്ങളെ കുഴക്കുന്ന എന്നെ കുഴക്കുന്ന ചോദ്യം !
ഞാൻ അതു  വെറും ഉടലെന്നു ലോകം
 ഉയിരോ അതു വെറും മിഥ്യയെന്നും അവർ !
നിനക്കതിനെ അണിയിച്ചൊരുക്കാം
ലോകമത് ആസ്വദിക്കും ആവോളം
പക്ഷെ ഉയിർ അതിനെയങ്ങു പൂട്ടിയേരെ
കടും ചങ്ങലപ്പൂട്ടിനു .
നിനക്ക് സത്തയില്ല ശബ്ദമില്ല
 ഉടൽ മാത്രമേയുള്ളൂ , അതേ പാടുള്ളൂ
ഞാൻ ഉറക്കെ  പറയാൻ നോക്കി
ഇപ്പറഞ്ഞതെല്ലാം ചേർന്നതാണ് ഞാൻ എന്നു
പക്ഷെ ഉയിരിന്റെ ശബ്ദം
ഉടലിൽ എവിടെയോ കുടുങ്ങിപ്പോയി ,
ആരോ കുടുക്കിക്കളഞ്ഞു !



Monday, 25 April 2016

നന്ദി ....നന്ദി..... അടുത്ത വർഷവും   നീ  ഇതേ പോലെ നല്ല സമ്മാനങ്ങൾ തന്നാൽ കൊള്ളാം ..