Wednesday, 31 January 2018

ഗംഗയിലെ  മൺചെരാതുകളെ  കണ്ടിട്ടില്ലേ ?
പരസ്പരം കുശലം പറഞ്ഞു ഗംഗയുടെ മാറിലൂടെ
സ്വച്ഛന്ദം ഒഴുകുന്ന മൺചെരാതുകൾ .
അവരെന്താകും പരസ്പരം പറയുക! 
കാശിനാഥന്റെ മണ്ണിൽ അലിഞ്ഞു ചേർന്ന
ഒരായിരം ആത്മാക്കളുടെ നിശബ്ദ വിലാപത്തെക്കുറിച്ചാകാം ,
അതുമല്ലെങ്കിൽ ഗംഗയുടെ ഓളങ്ങളിലൂടെ ഒഴുക്കുന്ന
 ഇനിയും കത്തി തീരാത്ത ഉടലുകളുടെ കരച്ചിലിനെക്കുറിച്ചാകാം , അല്ലെ?



മൊഴി

വളരെ  നാളുകൾക്ക് ശേഷമാണു ഇന്നൊരു പുസ്തകം മുഴുവനായും വായിക്കുന്നത് .ഞാനിത് വരെ വായിക്കാത്ത ഒരെഴുത്തുകാരി - ബി എം സുഹ്‌റ . പ്രത്യേകിച്ച് പ്രതീക്ഷകൾ ഒന്നും വയ്ക്കാതെ വായിച്ചു തുടങ്ങിയ ഒരു പുസ്തകം . വായനയ്‌ക്കൊടുവിൽ അത് ബാക്കി വയ്ക്കുന്നത് ഉള്ളിലെവിടെയോ ഒരു നൊമ്പരമാണ് . ഇതിൽ നായകനും  നായികയും വില്ലനും എല്ലാം ഉണ്ട് , പക്ഷെ സാഹചര്യങ്ങൾ നായകനെ വില്ലനായും വില്ലനെ നായകനായും പലപ്പോഴും മാറ്റുന്നു .അതുകൊണ്ട് ഇവിടെ കൃത്യമായി ചൂണ്ടിക്കാട്ടാൻ ഒരു നായകനോ വില്ലനോ ഇല്ല എന്നതാണ് സത്യം. സാഹചര്യങ്ങളുടെ അടിമയാണ് മനുഷ്യർ എന്ന് എവിടെയോ വായിച്ചതോർക്കുന്നു .
ബി എം സുഹറയുടെ "മൊഴി" എന്ന നോവൽ പറഞ്ഞു വെയ്ക്കുന്നത് വർത്തമാന സമൂഹം ഏറെ ചർച്ച ചെയ്യുന്ന മുതലാഖിനെക്കുറിച്ചു കൂടിയാണ് .മൊഴി രണ്ടു പുരുഷന്മാരിലൂടെയുള്ള ഒരു സ്ത്രീയുടെ ജീവിതമെന്നു വേണമെങ്കിൽ ഒറ്റ വാക്കിൽ പറഞ്ഞു വെയ്ക്കാം . പക്ഷെ അതിനൊരു വ്യാഖ്യാനം കൂടി ഒപ്പം വേണം . കേന്ദ്ര കഥാപാത്രമായ ഫാത്തിമ പരിഷ്‌കാരം തീണ്ടാത്ത വിദ്യാഭ്യാസം ഉള്ള ഒരു വീട്ടമ്മയാണ് . നോവലിന്റെ തുടക്കത്തിൽ ഫാത്തിമയുടെ ആദ്യ ഭർത്താവുമായുള്ള ജീവിതം പറഞ്ഞു വെയ്ക്കുന്ന സുഹ്‌റ പോകെ പോകെ വിവാഹേതര ബന്ധവും അത് സ്ത്രീയ്ക്ക് മാത്രം നൽകുന്ന വേദനകളൂം പങ്കു വെയ്ക്കുന്നു . സ്വന്തം വീടിന്റെ അകത്തളങ്ങൾ മറ്റൊരാൾക്കായി തുറന്നു കൊടുക്കുന്ന ഭർത്താവിനോട് ഫാത്തിമ കയർക്കുന്നുണ്ട് - ഒടുവിൽ എന്നെ കുറ്റം പറയരുത് എന്ന താക്കീതോടെ . എന്നാൽ ജീവിതം കൈവിട്ട പോകുമ്പോൾ ന്യായീകരിക്കാൻ ആരും അവസരം നൽകാത്തത് ഫാത്തിമയ്ക്ക് മാത്രമാണ് . തെറ്റ് ചെയ്യാതെ തെറ്റുകാരിയാക്കപ്പെടുമ്പോൾ മനോനില തെറ്റിപോകുന്ന അവസ്ഥയിൽ എത്തുന്ന ഫാത്തിമ പിന്നീട് എടുക്കുന്ന തീരുമാനങ്ങൾ അവളെ കൊണ്ടെത്തിക്കുന്നത് യാതനകളുടെ കൂമ്പാരത്തിലേക്കാണ് . ഒന്ന് തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ , തെറ്റിദ്ധാരണകൾ , കുടുംബജീവിതത്തിലെ മൂന്നാമൻ , വിടാതെ പിന്തുടരുന്ന ഭൂതകാലം ഇതൊക്കെയാണ് "മൊഴി " പങ്കുവെയ്ക്കുന്ന പ്രമേയം .
ഭാര്യയാകുന്നതോടെ പലപ്പോഴും കാമുകി മരിക്കപ്പെടുന്നു . എന്നാൽ ഭർത്താവിന് വേണ്ടത് അന്നത്തെ ആ കാമുകിയെ ആണ്. ആദ്യ ബന്ധത്തിലെ താളപ്പിഴകൾ കൊണ്ടെത്തിക്കുന്ന രണ്ടാം ബന്ധത്തിലും അതേ  താളപ്പിഴകൾ ആവർത്തിക്കുകയാണ് . അടുക്കളയിലും കിടപ്പറയിലും ഒതുങ്ങിപോകുന്ന ഫാത്തിമയുടെ ജീവിതം , മക്കൾക്ക് പോലും അടുക്കളക്കാരി . ഒപ്പം ഭൂതകാലത്തെ  ഓർമിപ്പിക്കുന്ന പുതിയ ജീവിതം . ഒടുവിൽ ഒരു മൊഴി ചൊല്ലലിലൂടെ അവൾ ഭർത്താവിനും മക്കൾക്കും അന്യയാകുന്നു . ബി എം സുഹറയുടെ മൊഴി എന്നെ ഓർമ്മിപ്പിക്കുന്നത് അന്നകരിനീനയാണ്  ടോൾസ്റ്റോയിയുടെ . ഭർത്താവിനാലും കാമുകനാലും ഉപേക്ഷിക്കപ്പെടുന്ന അന്നകരിനീനയുടെ മുഖമാണ് ഫാത്തിമയ്ക്കും .ഏല്ലാ  കലഹവും ഒടുവിൽ മുറിവേൽപ്പിക്കുന്നത് പെണ്ണിനെ തന്നെ . പരിശുദ്ധ  ഖുർ ആൻ വിവാഹമോചനത്തിന് ഏറെ കടമ്പകൾ കൽപ്പിച്ചിരിക്കുന്നു. എന്നാൽ പലപ്പോഴും മൂന്ന് വാചകത്തിലോ  ഒരു രജിസ്റ്റേർഡ് തപാലിലോ മൊഴിചൊല്ലൽ ചുരുങ്ങുന്നു . പുരുഷന് പുതിയ സ്ത്രീ , പുതിയ ജീവിതം . സമൂഹത്തിൽ തിരസ്കൃതയാകുന്നതും കുറ്റാരോപിതയാകുന്നതും സ്ത്രീകൾ മാത്രം .

ഒടുവിൽ മക്കളാലും തള്ളിപ്പറയപ്പെടുന്ന ഫാത്തിമ എന്ന 'അമ്മ വീണു ചിതറുകയാണ്  കണ്ണാടി ചില്ലുപോലെ. ഇനി അനാഥയായി മയ്യത്തു പറമ്പിലേക്ക് മടക്കം . 

Wednesday, 17 January 2018

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിപണന മൂല്യമുള്ള വസ്തുക്കളിൽ ഒന്നാണ് സൗന്ദ്യര വർദ്ധക വസ്തുക്കൾ . ഒരു പക്ഷെ നമ്മുടെ ഭാരതം കടന്നു പോയ 200   വർഷത്തോളം നിലവിലിരുന്ന ബ്രിട്ടീഷ് രാജിന്റെ ബാക്കിപത്രമാകാം വെളുപ്പിനോടുള്ള ഈ അടങ്ങാത്ത ഭ്രമം. വെളുപ്പ് അതൊരു നിറം മാത്രമല്ല ഒരു കാലത്തു ഇന്ത്യയിൽ നില നിന്നിരുന്ന , ഒരു പക്ഷെ ഇന്നും ഭാരതത്തിൽ നിന്നും തുടച്ചു നീക്കപ്പെടാത്ത ജാതി വ്യവസ്ഥയുടെ അളവ് കോൽ തന്നെ ഈ നിറമാണ് . കറുപ്പ് താഴ്ന്ന ജാതിയുടെയും , നീചത്വത്തിന്റെയും , അധർമത്തിന്റെയും നിറമായി കണക്കാക്കുന്നു , വെളുപ്പാകട്ടെ എല്ലാ നന്മയുടെയും പര്യായമായി നിലകൊള്ളുന്നു. എന്തിനും വെള്ളക്കാരനെ അനുകരിക്കാനുള്ള ഒരു പ്രവണത പലപ്പോഴും നമ്മളിൽ കാണപ്പെടാറുണ്ട് . സൗന്ദര്യം എന്നാൽ വെളുപ്പ് മാത്രമാണെന്ന ചിന്താഗതിയാകാം വെളുപ്പിക്കുന്ന ക്രീമുകൾക്കു പിന്നാലെ പായാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകം .
നേരത്തെ പറഞ്ഞ വെളുത്ത നിറം ജാതി വ്യവസ്ഥയുടെ മാത്രമല്ല നമ്മുടെ ദേവത സങ്കല്പങ്ങൾക്കും ബാധകമാണ് . നമ്മുടെ ദേവത സങ്കല്പങ്ങളിലും വെളുപ്പിനെ രാഷ്ട്രീയം നിഴലിച്ചു നിൽപ്പുണ്ട് . എന്നാൽ അത്തരം സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് ചെന്നൈ ഫിലിം മേക്കേഴ്‌സ് ആയ നരേഷ് നിൽ ഉം ഭരദ്വാജ് സുന്ദർ ഉം മുന്നോട് വന്നിരിക്കുന്നത് . കറുപ്പിൽ നമ്മുടെ ദൈവങ്ങൾ എങ്ങനെ ഉണ്ടായിരിക്കും - കറുപ്പ് എന്നത് സൗന്ദര്യം എന്നതിനപ്പുറം ദൈവീകമാണ് എന്ന സന്ദേശം ആണ് ഇവർ  ഈ ചിത്രങ്ങളിലൂടെ പങ്ക് വയ്ക്കുന്നത് .